പനത്തടി: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാത നവീകരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റി യോഗം ബളാംതോട് ക്ഷീരസംഘം ഹാളില്‍ ചേര്‍ന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.
കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ സി.ജെ. കൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജയദീപ്, അസി. എൻജിനിയർ മധു വെള്ളിക്കോത്ത്, പഞ്ചായത്ത് അംഗം കെ.കെ. വേണുഗോപാൽ, ആർ. സൂര്യനാരായണ ഭട്ട്, ബി. അനിൽകുമാർ, അജിത്, കെ. ബാലൻ, ജി. ഷാജിലാൽ, കെ.യു. കൃഷ്ണകുമാർ, കെ.കെ. അശോകൻ, ഷാജു പോൾ, പ്രദീപ്കുമാർ, എം.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നിർമാണ പ്രവൃത്തികള്‍ക്ക് ഇനിയും വേഗത കൈവന്നിട്ടില്ലെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. സംസ്ഥാന പാതയുടെ അതിർത്തി നിര്‍ണയിച്ച് കല്ലുകൾ സ്ഥാപിക്കാന്‍ പ്രത്യേക സർവേ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചു.
ബളാംതോട് ടൗണിലെ ലെവലിംഗ്, കോൺക്രീറ്റിംഗ് ജോലികള്‍ വിലയിരുത്തി. ബളാംതോട്-മാച്ചിപ്പള്ളി റോഡില്‍ ഓവുചാല്‍ ഗതാഗത തടസമുണ്ടാക്കുമെന്ന പരാതിയുയർന്ന സാഹചര്യത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു.